Category: Uncategorized

ഹരിശ്രീ

ഇതിപ്പോ അങ്ങനെ വലിയ ഒരു കഥയൊന്നുമല്ല, കഥയാണോന്ന് ചോദിച്ചാൽ ഒരു കഥയുമല്ല. എന്നാലും പേരിന് ഒരു പൊടിക്കഥ..അല്ലെങ്കിൽ കുഞ്ഞുന്നാളിൽ നടന്ന കഥയായതുകൊണ്ട് കുഞ്ഞിക്കഥ എന്നും പറയാം.
നിങ്ങൾ ജീവിതത്തിൽ ആദ്യം കേട്ട നുണ എന്തായിരുന്നു? ഓർക്കുന്നുണ്ടോ?
എന്റെ ഓർമയിൽ, ഞാനാദ്യം കേട്ട നുണ! അന്നത് നുണയാണെന്ന് ഞാനറിഞ്ഞിരുന്നില്ല.
സുഭാഷ്‌ ചന്ദ്രന്റെ അക്ഷരങ്ങളും, ഷഹബാസ് അമന്റെ ശബ്ദവും, അമ്മൂമ്മയുടെ കൈപ്പുണ്യം കലക്കിയ കട്ടൻകാപ്പിയുമായി ഒരു വൈകുന്നേരം രസിച്ചിരിക്കുമ്പോഴാണ് ആ നുണയെപ്പറ്റി ഓർത്തത്. എന്നാല്പിന്നെ നിങ്ങളെയും അറിയിക്കാമെന്ന് കരുതി.

ഈ കഥയ്ക്ക് വേറൊരു പ്രത്യേകത കൂടിയുണ്ട്. ഇതെന്റെ കഥയാണെങ്കിലും, കാലപ്പഴക്കത്തിൽ ചിന്നിച്ചിതറിയ ഓർമ്മകൾ കൂട്ടിവെച്ച് കഥ പറഞ്ഞുതന്നത് അമ്മയാണ്. ഒരു പേരിന്റെ കഥയാണ്.
നമുക്ക് എല്ലാവർക്കും കാണില്ലേ സഫലീകരിക്കാൻ കഴിയാതെ പോയ ആഗ്രഹങ്ങളുടെ ഒരു ഭണ്ഡാരം. ഇത് സഫലീകരിക്കാതെ പോയ ഒരു ആഗ്രഹത്തിന്റെ കൂടെ കഥയാണ്.

ആദ്യമായി സ്കൂളിൽ പോയ ദിവസം.മങ്ങിയതാണെങ്കിലും ആ ദിവസം ഓർമയിലുണ്ട്. അമ്മയുടെ കൈപിടിച്ച് ഹെഡ്മാസ്ടരുടെ മുൻപിൽ നിൽകുമ്പോൾ എന്റെ കണ്ണുകൾ മേശപ്പുറത്തെ പേപ്പർ വെയിറ്റിലായിരുന്നത്രേ!

അമ്മയെ ചോദ്യം ചെയ്തു കഴിഞ്ഞ് ഹെഡ്മാസ്റ്റർ എന്റെ നേർക്ക് തൊടുത്ത ആദ്യത്തെ ചോദ്യം..
“മോന്റെ പേരെന്താ?”
പേപ്പർ വെയിട്ടിൽ നിന്നും കണ്ണെടുത്ത് ഞാൻ ഭയമേതുമില്ലാതെ മറുപടി കൊടുത്തു
“ത്രിവിക്രമൻ!”
അത് കേട്ട് അമ്മ ഞെട്ടിയെന്നാണ് പറഞ്ഞറിവ്.
ചിരിച്ചു കൊണ്ടു അമ്മ അത് തിരുത്തി.
“മോന്റെ പേര് ശ്രീന്നാണ്”
പക്ഷെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല…
“അല്ല..എന്റെ പേര് ത്രിവിക്രമൻന്നാ..എനിക്ക് ത്രിവിക്രമൻന്ന് പേരിട്ടാ മതി..”
കൂടുതലെന്തെങ്കിലും പറയുന്നതിന് മുൻപേ അമ്മ എന്റെ വാ പൊത്തിപ്പിടിച്ചു. കുതറി മാറി ത്രിവിക്രമനിൽ എത്താനുള്ള എന്റെ ശ്രമങ്ങൾ ഒരു ചെറിയ കലാപാന്തരീക്ഷം ആ ചെറിയ മുറിയിൽ സൃഷ്ടിച്ചു.
ഒടുവിൽ കരുണാമയനായ ആ ഹെഡ്മാസ്റ്റർ പോംവഴി പറഞ്ഞുതന്നു
“മോൻ വിഷമിക്കണ്ടാ കേട്ടോ. ഇപ്പൊ ശ്രീന്ന്  പേരിട്ടന്നെയുള്ളൂ, മോൻ വളർന്നു വലുതാകുമ്പോ നമുക്ക് ത്രിവിക്രമൻന്ന് മാറ്റാം.”
താൽകാലിക ആശ്വാസത്തിന് ഹെഡ്മാസ്റ്ററുടെ ആ പാരസെറ്റാമോൾ മതിയായിരുന്നു.

ആരായിരുന്നു ആ ത്രിവിക്രമൻ..നാട്ടിലെ പേരുകേട്ട ചട്ടമ്പിയാരുന്നത്രേ! അയാളോടുള്ള ഇഷ്ടം. അതായിരുന്നു കാരണം. വീട്ടിലെത്തിയപ്പോ അമ്മയാണ് മറ്റൊരു രഹസ്യം കൂടി പറഞ്ഞുതന്നത്. ത്രിവിക്രമന് രണ്ട് ചെട്ടന്മാരുണ്ട്. ഹരിയും, ശ്രീയും. അവർ ത്രിവിക്രമനേക്കാൾ വലിയ ചട്ടമ്പിയാണത്രെ. ആ ശ്രീയുടെ പേരാണ് എനിക്കിട്ടിരിക്കുന്നതെന്ന്.
“എന്നാലും എനിക്ക് ത്രിവിക്രമൻ മതിയമ്മേ………..”
ത്രിവിക്രമനോളം വരുമോ ഹരിയും ശ്രീയും.

അങ്ങനെ ശ്രീയെന്ന പേരും ചുമന്ന്, വളർന്നു വലുതാകുന്നതും കാത്ത് ഞാനിരുന്നു. ഇന്നിപ്പോൾ കുറച്ചു വളർന്നപ്പോ മനസിലായി ഹെഡ്മാസ്ടരുടെ ആ പോംവഴിയായിരുന്നു എന്റെ കാതിലേക്ക് ആദ്യം ഉരുക്കിയൊഴിച്ച നുണയുടെ ഹരിശ്രീ.
“മോൻ വിഷമിക്കണ്ടാ കേട്ടോ. ഇപ്പൊ ത്രിവിക്രമൻന്ന് പേരിട്ടന്നെയുള്ളൂ, മോൻ വളർന്നു വലുതാകുമ്പോ നമുക്ക് ത്രിവിക്രമൻന്ന് മാറ്റാം.”
പേര് മാറ്റുന്ന കാര്യം ഇന്നലെ അമ്മയോട് ചോദിച്ചിരുന്നു, വളർന്നു വലുതാകട്ടെ എന്നിട്ട് മാറ്റാമെന്നാണ് അമ്മ പറയുന്നത്!

ഇനി ഞാനൊരു കാര്യം പറയട്ടെ. ഇതിത്രേയുള്ളൂ!

നിങ്ങൾ ആദ്യം പറഞ്ഞ നുണ ഏതാണെന്ന് ഓർമ്മയുണ്ടോ?

ഇത്ര പെട്ടന്ന്, ഇഡലിയെല്ലാം കഴിച്ചുകഴിഞ്ഞോ എന്ന അമ്മയുടെ ചോദ്യത്തിന്. മ്മ് ഞാൻ കഴിച്ചു എന്ന് ഞാൻ അമ്മയുടെ മുഖത്തു നോക്കി ധൈര്യത്തോടെ പറഞ്ഞ സത്യം! അത് കേട്ട് പറമ്പിലെ വാഴക്കയ്യിലിരുന്ന കാക്ക ചുണ്ടിലൊതുക്കിയ ഇഡലി കഷ്ണം താഴെയിട്ടുകൊണ്ട് പറഞ്ഞു..ചുമ്മാ..ഇവൻ നുണ പറയുവാ അമ്മേ!
അതായിരുന്നോ ആദ്യത്തേത്?

വാൽക്കഷ്ണം:

പ്രിയ എഴുത്തുകാരൻ സുഭാഷ്‌ ചന്ദ്രന് ആ പേരിട്ടത് സുഭാഷ് ചന്ദ്ര ബോസിനൊടുള്ള ഇഷ്ടം കൊണ്ടാരുന്നു എന്ന കഥ വായിച്ചപ്പോഴാണ് സമാനമായ എന്റെ അനുഭവം ഓര്മ്മ വന്നത്.

കിനോ

“കുട്ടിമാമാ ഈ കിനോന്ന് പറഞ്ഞാലെന്താ?”

ചാനലുകള്‍ മാറ്റുന്നതിനിടയില്‍ എപ്പോഴെങ്കിലും യോദ്ധയിലെ ഈ ഡയലോഗ് കാണാനിടയായാല്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നേപ്പാളിന്റെ ചരിത്രഭൂപടമോ, ബുദ്ധനോ, മോഹന്‍ലാലോ അല്ല..അത് സരയുവിന്റെ മുഖമാണ്.

ക്ഷമിക്കണം സരയൂന്നല്ല കിനോ..അതാണല്ലോ ഞങ്ങള്‍ വിളിക്കുന്ന പേര്. കുഞ്ഞുമുഖം, ചപ്പിയ മൂക്കും, വെളുത്ത് കിരിഞ്ഞ് പാണ്ട് വന്നോയെന്ന് സംശയിപ്പിക്കുന്നമാതിരി നിറവും.
അവള്‍ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി അവളെ കാണുന്നത്. അന്ന് പേരൊന്നുമിട്ടിട്ടില്ല. ഒരു കുഞ്ഞ്, പെണ്‍കുഞ്ഞ് അത്രെയുള്ളൂ.

എനിയ്ക്കും എനിയ്ക്കൊപ്പം സരോജയക്കയുടെ വീട്ടില്‍ കാണാന്‍ വന്നവര്‍ക്കെല്ലാം ഈ കുഞ്ഞ് ഒരേയൊരു ഭാവമാണ് ഉണര്‍ത്തിയത്. അത്ഭുതം!

ഞങ്ങളെല്ലാവരും ആദ്യമായാണ് ഒരു നേപ്പാളി കുഞ്ഞിനെ കാണുന്നത്. എനിക്ക് അന്നെത്രയെയായിരുന്നു പ്രായം? പന്ത്രണ്ടോ, പതിമൂന്നോ? പതിനാലാവും.

നേപ്പാളിക്കുഞ്ഞെന്ന് പറഞ്ഞെങ്കിലും കണ്ടിട്ട് നമ്മളെപ്പോലെ തന്നെയായിരുന്നു. രണ്ടു കയ്യും രണ്ടു കാലുമൊക്കെതന്നെ.

“മൂക്ക് കണ്ടോ വിലാസിനിയെ, ഗൂര്‍ഖകളുടെ കൂട്ടുണ്ട്. ചപ്പിയുറിഞ്ചിയ പോലെ..”

ആരുടെ വകയായിരുന്നു ഈ അടക്കംപറച്ചില്‍. സരസ്വതിയമ്മയുടെയോ അതോ പത്മജത്തിന്റെയോ? ഓര്‍മ്മയില്ല.

നോക്കിനിന്നപ്പോള്‍ ആ കുഞ്ഞ് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു തോന്നല്‍. ഒരു മലയാളി ചിരി വരുന്നില്ല…ചിരിയില്‍ നാടിന്‍റെ ചരിത്രമുറങ്ങുന്നുണ്ടോ?

നേപ്പാളി നേഴ്സിന്‍റെ ഗര്‍ഭപാത്രത്തില്‍ മലയാളി ഡോക്ടര്‍ സൂക്ഷിച്ച രേതസ് വളര്‍ന്ന് ഭ്രൂണമായി പിന്നെയും വളര്‍ന്ന് വയര്‍ പിളര്‍ന്നു വന്നതാണ് ഇവള്‍.

സരസ്വതിയും പത്മജവും ഈ രഹസ്യം പങ്കുവെക്കുന്നത് ഞാന്‍ ഒളിഞ്ഞു നിന്ന് കേട്ടതാണ്.

അച്ഛന്‍ മലയാളിയാണെങ്കില്‍ പിന്നെങ്ങനെ ഇത് നേപ്പാളിയാകും. അര നേപ്പാളിയല്ലേ ആകൂ. എന്തോ അത് എല്ലാരും സൗകര്യപൂര്‍വ്വം കാര്യമാക്കിയില്ല. അര-നേപ്പാളിയല്ല..മുഴുനേപ്പാളിയായി കാണാനായിരുന്നു ഞങ്ങള്‍ക്ക് താല്പര്യം. ഞങ്ങള്‍ പിള്ളേര് സെറ്റിനുമാത്രമല്ല മുതിര്‍ന്നവര്‍ക്കുംഅതായിരുന്നു താല്പര്യം എന്ന് തോന്നുന്നു.

കുഞ്ഞിന് പൈതൃകം നഷ്ടപ്പെടാതിരിക്കാന്‍ അച്ഛന്റെ നാട്ടില്‍തന്നെ ഉപേക്ഷിച്ച് അമ്മ ബുദ്ധന്റെ നാട്ടിലേക്ക് പോയി. അച്ഛന്‍ അച്ഛന്റെ വീട്ടിലേക്കും.

പലകൈകള്‍ മറിഞ്ഞ് ഒടുവില്‍ ആ സങ്കരയിനം വിളവ്‌ നാട്ടിലെ തരിശുഭൂമിയായി മനംനൊന്ത് കിടന്ന മച്ചിയക്ക എന്നാ സരോജയക്കയുടെ കൈകളിലെത്തി..ദത്തുപുത്രി

ആ അത്ഭുതശിശുവിനെ കാണാനായിരുന്നു ഞങ്ങള്‍ നാട്ടുകാര്‍ ഒത്തുകൂടിയത്. ഏതാനം മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കാഴ്ചക്കാരൊക്കെ പിരിഞ്ഞുപോയി. ആകാശം മേഘാവൃതമായിരുന്നു, നാട്ടുകാരുടെ മനസും.

“മച്ചിയെന്നും മച്ചി തന്നെ”

“ഇത് വളര്‍ന്ന് വലുതായാല്‍, അത് അതിന്റെ തന്തയെയോ തള്ളയെയോ തേടിപ്പോകും”

“അല്ലേലും ഈ വയസ്കാലത്ത് ഇവര്‍ക്കിതെന്നാത്തിന്റെ കേടാ..”

“വല്ല അനാഥാലയത്തിലും ഈ കൊച്ചു മനസമാധാനമായി കഴിയത്തില്ലായിരുന്നോ”

“അല്ല ഇതിപ്പം കൊച്ചിനെ അറിയിക്കേണ്ട എന്നുവെച്ചാലും കാര്യമില്ല, വലുതായാല്‍ കൊച്ചിന് തന്നെ കാര്യം പിടികിട്ടും”

“അതെങ്ങനാ ആരേലും പറയാതെ”

“തന്തയും തള്ളയും കറുത്തത്, കൊച്ചു നല്ല പാല്പോലെ വെളുത്തത്.അതിനു മനസിലാകും ഇവരുണ്ടാക്കിയതല്ലെന്ന്”

ഇങ്ങനെ ഒരുപാട് ഡയലോഗുകള്‍ ചുറ്റുപാടും മാറ്റൊലി കൊണ്ടിരുന്നു. സരോജവും ഭര്‍ത്താവ് മണിയനും മാത്രം മാറ്റൊലികള്‍ കേട്ടില്ല.

ഒരു ദിവസം ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാനും ചിന്തിച്ചു..ഇവള്‍ വളര്‍ന്ന് വലുതായാല്‍ അച്ഛനെയും അമ്മയെയും തേടിപ്പോകുമോ? അമ്മയെ തേടിയാണെങ്കില്‍ അങ്ങ് നേപ്പാള്‍ വരെ പോകണ്ടേ. അവള്‍ക് അങ്ങനെ പോകാനുള്ള ഐഡിയ ഉണ്ടാകുമോ?
എന്തോ എനിക്ക് ഒന്നും ഉറപ്പിക്കാന്‍ സാധിച്ചില്ല. അന്ന് സത്യന്‍ അന്തിക്കാട് അച്ഛനെയും അമ്മയെയും തേടിപ്പോകുന്ന മക്കളുടെ കഥയൊന്നും പറഞ്ഞുതുടങ്ങിയിട്ടില്ല.

ഒരു വേലിയ്ക്കിപ്പുറത്ത് നിന്ന് ആ നേപ്പാളിന്റെ കുഞ്ഞിന്റെ വളര്‍ച്ചയുടെ പടവുകള്‍ എനിക്ക് കാണാമായിരുന്നു.

ആ നേപ്പാളികുഞ്ഞിന് അവര്‍ സരയു എന്ന് പേരിട്ടു. പക്ഷെ ആ മുഖത്ത് നോക്കി സരയൂ എന്ന് വിളിക്കാന്‍ ഞങ്ങള്‍ക്ക് മടിയായിരുന്നു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ അയല്‍പക്കത്തെ നല്ലനടപ്പുകാരായ പിള്ളേര് കൂട്ടം.ഞങ്ങളുടെ എല്ലാവരുടെയും സൌകര്യാര്‍ത്ഥം ഞാന്‍ അവള്‍ക് കിനോ എന്ന് പേരിട്ടു…ആദ്യം ഞാന്‍ വിളിച്ചു “കിനോ”..പിന്നെ ഞങ്ങളെല്ലാവരും വിളിച്ചു “കിനോ…”അങ്ങനെ സരയു കിനോയായി.

കിനോ വളര്‍ച്ചയുടെ ഓരോ പടവും കയറുമ്പോ, പ്രകടമായ മാറ്റങ്ങള്‍ മണിയനിലായിരുന്നു. ആദ്യമൊക്കെ കിനോ മണിയന് തന്റെ പരസ്യമായ ഒരു അഹങ്കാരമായിരുന്നു. നാട്ടിലെ ഏറ്റവും സുന്ദരി തന്‍റെ മകളാണെന്ന് മണിയന്‍ ഇടയ്ക്കിടെ പ്രഖ്യാപിക്കും. സംഗതി അവള്‍ സുന്ദരിയാണെങ്കിലും പ്രഖ്യാപനം കേട്ടാല്‍ ഞങ്ങള്‍ ചിരിക്കും.

വളര്‍ച്ചയുടെ പടവുകള്‍ കയറി കയറി വര്‍ഷങ്ങള്‍ കുറെ കടന്നുപോയി. കിനോ ഋതുമതിയായി, ആയോന്നറിയില്ല, ആയിക്കാണണം. ഇതൊക്കെ ഞാനെങ്ങനെ അറിയാനാ.എന്തായാലും അധികം താമസിയാതെ സരോജയക്ക ദേഹം ഉപേക്ഷിച്ച് യാത്രയായി. ആ ചെറിയ വീട്ടില്‍ മണിയനും കിനോയും മാത്രമായി.
പിന്നീടുള്ള ദിവസങ്ങള്‍ നാട്ടുകാരില്‍ ചിരിയും, മണിയനില്‍ ഭയവും, കിനോയില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത മറ്റേതോ വികാരവും നിറയ്ക്കുന്നതയിരുന്നു.

കിനോ പഠിക്കുന്ന സ്കൂളിലെ ആണ്‍കുട്ടികള്‍ തന്‍റെ മകളെ നശിപ്പിക്കും എന്ന ചിന്തയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആ ചിന്ത മണിയനിലേക്ക് എങ്ങനെ കുടിയേറി എന്നത് എനിക്ക് ഓര്‍മ്മയില്ല, അല്ല അറിയില്ല എന്നതാണ് സത്യം.

അങ്ങനെ 14 വയസുകാരിയെ ദിവസവും അച്ഛന്‍ തന്നെ സ്കൂളില്‍ കൊണ്ടുവിടും. വീട്ടില്‍ നിന്നറങ്ങി സ്കൂളില്‍ എത്തുന്നത്‌വരെയും കിനോയുടെ കയ്യില്‍ മണിയന്‍ മുറുകെ പിടിച്ചിരിക്കും, ഒരു പരുന്തിനും റാഞ്ചാന്‍ പറ്റാത്തവിധം.

വൈകിട്ട് ദേശിയഗാനം മുഴങ്ങും മുന്‍പേ മണിയന്‍ സ്കൂളില്‍ ഹാജരാകും, കിനോയെ കൂട്ടിമടങ്ങാന്‍. വഴിവക്കിലെങ്ങാനം സഹപാഠികള്‍ സംസാരിക്കാന്‍ വന്നാല്‍ മണിയന്‍ അവരെ ആട്ടിയോടിക്കും. മണിയന്‍റെ കണ്ണുകളില്‍ എപ്പോഴും ഭയം മാത്രം.

ആ ഭയം വളര്‍ന്ന് ഏതോ നിലയില്‍ എത്തിയപ്പോള്‍ മകളെ സ്കൂളില്‍ വിടുന്നത് തന്നെ ആപത്താണെന്ന് മണിയന്‍ തീരുമാനിച്ചു. പതിനാലാം വയസില്‍ തന്നെ കിനോയുടെ സ്കൂള്‍ജീവിതം അവസാനിച്ചു.
മണിയന്‍ എല്ലാവര്ക്കും ചിരിക്കാനുള്ള വകയായി അതിവേഗം വളര്‍ന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ അച്ഛന്‍ മകള്‍ക്ക് വീട്ടില്‍ കാവലിരുന്നു. ആണുങ്ങളെല്ലാം കാമപ്പിശാചുക്കളാണെന്ന അരുളിപ്പാട് മണിയനുണ്ടായി എന്നാണ് പത്മജം അടക്കം പറഞ്ഞത്.

ഊണും ഉറക്കവും ഉണര്‍ന്നിരിക്കുമ്പോള്‍ അച്ഛന്‍റെ മേല്‍നോട്ടത്തില്‍ പറമ്പില്‍ ചുറ്റിനടക്കലും..ഇതായി കിനോയുടെ ദിനചര്യ.

പോകപ്പോകെ മണിയന് അയല്‍പക്കത്തെ ആണ്‍കുട്ടികളെയും പേടിയായി. മണിയന്‍ ഉറക്കംപോലുമുപേക്ഷിച്ചു കിനോയ്ക്ക് കാവലിരുന്നു.

മണിയന്‍ ആരോടും മിണ്ടില്ല, കിനോയ്ക്ക് മിണ്ടാനുള്ള അവസരവുമില്ല. അവരുടെ ലോകം ദിനംപ്രതി ചെറുതായിക്കൊണ്ടിരുന്നു. പകലും രാത്രിയുമൊക്കെ അനാവശ്യമായിത്തീര്‍ന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം കിനോയെ വീടിനു പുറത്തുകണ്ടു. ഉല്ലാസവതിയായി പറമ്പില്‍ ചുറ്റി നടക്കുന്നു. മണിയനെ വെളിയിലെങ്ങും കാണുന്നുമില്ല. ആകാംഷയുടെ പ്രേരണയെ വെല്ലുവിളിക്കാന്‍ കഴിയാതെ ഞാന്‍ വേലിയ്ക്കല്‍ ചെന്ന് കിനോയെ വിളിച്ചു..

“സരയൂ..”

വിളികേട്ട് അവള്‍ തിരിഞ്ഞു നോക്കി, ഓടി വേലിയ്ക്കരികില്‍ എത്തി.

“എന്താ ചേട്ടാ”

അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിരയിളക്കം കാണാമായിരുന്നു. ഒരുപക്ഷെ വളരെനാള്‍ കൂടി മണിയനല്ലാതൊരു മനുഷ്യജീവിയോട് സംസാരിക്കാന്‍ കഴിഞ്ഞതിനാലാകും.

“നിന്‍റെ അച്ഛനെവിടെ?”

“അച്ഛന് ദീനമാ, തീരെ വയ്യ..അകത്ത് കിടക്കുവാ…”

അച്ഛന് ദീനമാണെന്ന് പറയുമ്പോ സാധാരണ മക്കള്‍ക്കുണ്ടാകേണ്ട വിഷമം അവളുടെ ശബ്ദത്തിലില്ലായിരുന്നു. ആ ദുഖത്തിനും മേലെ നില്‍ക്കുന്ന സന്തോഷം ഉണ്ടാകും…

എന്തായാലും ഈ നേപ്പാളി പെണ്ണ് എന്ത് ഭംഗിയായി മലയാളം സംസാരിക്കുന്നു എന്നോര്‍ത്ത് ഞാന്‍ ചെറുതായൊന്ന് അത്ഭുതപ്പെട്ടു.

“വെറുതെയല്ല നിന്നെ വെളിയില്‍ കണ്ടത്, അപ്പൊ സ്വാതന്ത്ര്യദിനമായിട്ട് എന്താ പരിപാടി?”
എന്‍റെയാ തമാശയ്ക്ക് ഞാന്‍ മാത്രം ചിരിച്ചു. അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്‍റെ തിരകളില്‍ വേലിയിറക്കം കണ്ടു.

ആ വേലിയിറക്കം നോക്കിനില്‍ക്കുമ്പോഴാണ് ഒരു അശരീരി..

“ഡാ…….നീയെന്‍റെ മോളെ..”

ദീനമായിക്കിടക്കുന്നു എന്ന് പറഞ്ഞ മണിയന്‍ വാതിലും കടന്ന് ഞങ്ങളുടെ നേര്‍ക്ക്ചീറിപ്പാഞ്ഞു വരുന്നു
ഓടിയടുത്തെത്തി മണിയന്‍ കിനോയെ വലിച്ച് നെഞ്ചോട്‌ ചേര്‍ത്തു, പിന്നെയെന്തൊക്കെയോ അലമുറയിട്ടു. ഒരു ബഹളത്തിന്‍റെ സൂചനകിട്ടിയ അയല്‍ക്കാരൊക്കെ നിമിഷനേരം കൊണ്ട് ഞങ്ങള്‍ക്ക് ചുറ്റും കൂടി. കൂട്ടത്തില്‍ രാവിലെ അമ്പലത്തില്‍ പോയ അച്ഛനോ അമ്മയോ ഉണ്ടോന്നു ഞാന്‍ പാളി നോക്കി, ഭാഗ്യം വന്നിട്ടില്ല, ഉടനെയെങ്ങും വരല്ലേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഒരു നിമിഷം ഞാന്‍ കണ്ടെത്തി.

“ഇവനെന്‍റെ മോളെ നശിപ്പിക്കും, എനിക്കറിയാം..പറയടാ നായേ…നിനക്കെന്‍റെ മോളെ നശിപ്പിക്കാണോ…”

കാഴ്ചക്കാരുടെ എണ്ണം ഒന്നൊന്നായി കൂടിവന്നു. ആരുമൊന്നും മിണ്ടിയില്ല..കഴച്ചക്കാരായി തന്നെ ന്നിന്നു.

“പറയടാ നായെ, നിനക്കെന്‍റെ മോളെ നശിപ്പിക്കണോ….കൊല്ലുമെടാ നിന്നെ ഞാന്‍.”
മണിയന്‍ പിന്നെയും ഉറഞ്ഞുതുള്ളുകയായിരുന്നു.

ഇത്രയും കേട്ടപ്പോ എനിക്കും അഭിമാനക്ഷതം
“പരട്ടുകിളവാ..തോന്ന്യാസം പറയരുത്..തന്‍റെ മോളെ ഇവിടാരും നശിപ്പിക്കില്ല..താനായിട്ട് നശിപ്പിക്കാതിരുന്നാ മതി…അതെങ്ങനാ തന്‍റെ മോളല്ലല്ലോ..ചിലപ്പോ താന്‍ തന്നെ വേണേല്‍…”

“നായിന്‍റെ മോനെ..എന്താടാ പറഞ്ഞേ..നീ നീ നീയാണ്..നീ എന്‍റെ മോളെ നശിപ്പിക്കും” മണിയന്‍ പിന്നെയും ഉറഞ്ഞുതുള്ളി.

ചുറ്റും കാഴ്ചക്കാരായി നിന്നവരുടെ മുന്നില്‍വെച്ചേറ്റ അഭിമാനക്ഷതവും, ആവേശവും, രോഷവും എന്‍റെ ഞരമ്പുകളില്‍ ഇരച്ചുകയറി. വലതുകാലുയര്‍ത്തി അയാളുടെ നെഞ്ചുംകൂട് ലക്ഷ്യമാക്കി ആഞ്ഞൊരു ചവിട്ടുകൊടുത്തു.
ലക്‌ഷ്യം നെഞ്ചിന്‍കൂടായിരുന്നെങ്കിലും അടിവയറുവരയെ കാല് പോങ്ങിയുള്ളൂ…പക്ഷെ ആദ്യചവിട്ടില്‍ തന്നെ പുറകിലേക്ക് മറിഞ്ഞുവീണു.
വീഴ്ചയില്‍ നിന്നുമെഴുന്നേറ്റ് ഞാന്‍ എന്‍റെ ദേഹത്തെ മണ്ണ് തട്ടികുടയുമ്പോഴും അയാള്‍ കിനോയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.

അയാളുടെ പ്രായത്തെ വെല്ലുന്ന ദൃഡപേശികളില്‍ അവളുടെ മുഖം ഞെരിഞ്ഞമര്‍ന്ന് വേദനിക്കുന്നുണ്ടോ എന്ന് തോന്നി.
ഭയാശങ്കകളുടെ നിഴലുകള്‍ വീണ മുഖത്ത് രണ്ടുകണ്ണുകളുടെ തേരോട്ടം നടതുന്നതായാണ് മണിയന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ കാണാനായത്.

ആള്‍ക്കൂട്ടം എപ്പോഴോ പിരിഞ്ഞുപോയി. എല്ലാവരും വീടണഞ്ഞു. വേലിയ്ക്കല്‍ നിന്നിരുന്ന അമ്പഴം ഇലപൊഴിക്കാന്‍ തുടങ്ങിയിരുന്നു. മണിയന്‍ സരയുവിനെയും ചേര്‍ത്ത്പിടിച്ചുകൊണ്ട് വീടിനകത്തേക്ക് കയറി. മുന്‍വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടു.

അന്നത്തെ ദിവസം ആ വാതില്‍ തുറന്നതേയില്ല. രണ്ടാം ദിവസം ഞാന്‍ ഉറ്റുനോക്കിയിരുന്നു. ഇല്ല വാതിലും ജനലുകളും അന്നും തുറന്നതേയില്ല.

ഭയത്തിന്‍റെ വിത്തുകള്‍ എന്‍റെ മനസിലും വീണുതുടങ്ങിയിരുന്നു. മൂന്നാം ദിവസം പുലര്‍ന്നിട്ടും ആ വാതില്‍ തുറന്നില്ല. പലരും തട്ടിയും മുട്ടിയും നോക്കി, തുറന്നില്ല. ഞാനും മുട്ടി നോക്കി, തുറക്കപ്പെട്ടില്ല.

വൈകുന്നേരം പത്മജത്തിന്‍റെ മകന്‍ മണിയന്‍റെ വീട്ടിലെ മുന്‍വശത്തെ ജനലില്‍ മുഖം ചേര്‍ത്ത് ഉള്ളിലെ കാഴ്ച വല്ലതും തടയുന്നുണ്ടോ എന്ന് നോക്കുന്നത് കണ്ടു. സ്വകാര്യതയുടെ ചുക്കിച്ചുളിവുകള്‍ നിവര്‍ത്തിനോക്കി ഇക്കിളിപ്പെടാനുള്ള പ്രായം അവനായിട്ടുണ്ട്. ആവനും നിരാശ മുറ്റിയ മുഖവുമായിട്ടാണ് മടങ്ങിയത്. മൂന്നാം നാള്‍ അവസാനിപ്പിക്കാന്‍ സൂര്യന്‍ യാത്രയായപ്പോഴും ആ വാതില്‍ തുറന്നിട്ടുണ്ടായിരുന്നില്ല.

മാറ്റൊലികള്‍ വീണ്ടുമുണ്ടായി. പത്മജവും സരസ്വതിയും പുതിയ അതിഥികളും പങ്കെടുത്തു.

“അങ്ങേരാ കൊച്ചിനെ കൊന്നുകാണുമോ ?”

“പോലീസില്‍ അറിയിച്ചാലോ ?”

“നമുക്ക് വാതില്‍ പൊളിച്ച് അകത്തുകയറി നോക്കിയാലോ ?”

“അങ്ങേരു തന്നെ ആ കൊച്ചിനെ നശിപ്പിച്ചിട്ടുണ്ടാകും”

“എനിക്കും അങ്ങനാ തോന്നുന്നേ..പണ്ടേ നശിപ്പിച്ചിട്ടുണ്ടാകും..സ്വന്തം മോളല്ലല്ലോ”

“എന്നാലും ആ കൊച്ച്, അങ്ങേരതിനെ എന്ത് ചെയ്തോ ആവൊ?”

മാറ്റൊലികള്‍ കുറെയുണ്ടായി, ആരും മണിയനെന്ത് സംഭവിച്ചുകാണും എന്ന് ആശങ്കപ്പെട്ടില്ല
നാളെ വാതില്‍ തുറക്കുമായിരിക്കും. തുറന്നില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഇതിനോടകം എല്ലാവരും തീരുമാനിച്ചുകഴിഞ്ഞിരുന്നു. തീരുമാനം കൈക്കൊണ്ട ശേഷം എല്ലാവരും വീടണഞ്ഞു.
നാളെ നേരം വെളുക്കട്ടെയെന്നു പറഞ്ഞ് ഞാനും ഉറങ്ങാന്‍ കിടന്നു

ദി കണ്ട്രാക്ക്

ഇത് ഒരു പരിചയപ്പെടുത്തലാണ്. ഒരു പക്ഷെ നിങ്ങൾകെല്ലാം പരിചയമുള്ള ഒരാളെ ആയിരിക്കാം ഞാൻ വീണ്ടും പരിച്ചയപെടുത്തുന്നത്. പരിചയമില്ലാത്തവർ പരിചയപ്പെടട്ടെ, അല്ലാത്തവർ ഓർമയിൽ പൊടി തട്ടിയെടുക്കട്ടെ ! നമുക്കിടയിൽ എല്ലായ്പ്പോഴും എവിടെയും കാണാവുന്ന ഒരാൾ. പഠിക്കുന്ന സ്കൂളിൽ, കോളേജിൽ, ജോലിസ്ഥലങ്ങളിൽ, ബസ്‌ സ്റ്റാൻഡിൽ, റെയിൽവേ സ്റ്റേഷനിൽ അങ്ങനെ തിരക്കുള്ളിടത്തും, വിശ്രമകേന്ദ്രങ്ങളിലും, എന്തിനേറെ പറയുന്നു പത്തു പേര് കൂടി നിന്ന് സംസാരിക്കുന്ന എവിടെയും ചിലപ്പോൾ കാണാൻ സാധ്യതയുള്ള ഒരാൾ. ആരാണയാൾ ? അവനാണ് ലവൻ !  “കണ്ട്രാക്ക് ” .

അതെ കണ്ട്രാക്ക് ! കണ്ട്രാക്ക് ആരാണെന്നു അറിയുന്നതിന് മുൻപ് കണ്ട്രാക്ക്  എന്താണെന്നു അറിയണം. കണ്ട്രാക്ക് എന്ന വാക്കിന്റെ ഉത്ഭവം തേടി ചെന്നാൽ അത് ആംഗലേയ ഭാഷയിലെ കോണ്ട്രാക്ടർ എന്ന വാക്കിൽ നിന്നാണ് ഉണ്ടായതെന്ന് ചില പ്രമുഖർ അവകാശപ്പെടുന്നു. അതല്ല കുണാണ്ടർ എന്ന തെക്കൻ കേരളത്തിലെ പ്രാദേശിക ഭാഷയിൽ നിന്നാണ് കണ്ട്രാക്ക് ഉണ്ടായതെന്ന് മറ്റു ചില ബുദ്ധിജീവികൾ പറയുന്നു . ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭാഗമായി യോഗാസനത്തിൽ താൻ പഠിച്ച ആസനങ്ങളിൽ കൂടുതലായി എന്തെങ്കിലുമോണ്ടോ എന്നറിയാനായി കോവളത്ത് സന്ദർശനത്തിന് പോയ ഒരു സന്യാസി വര്യന് (ആ ചരിത്രം പിന്നീടു ഒരിക്കൽ പറയാം : കടപ്പാട് : തിരുവല്ലാക്കാരൻ  ഒരു അച്ചായാൻ ) അവിടുത്തെ ഒരു അമേരിക്കൻ സന്യാസി സഹോദരൻ ഏതോ ഒരു ആസനത്തിൽ നിന്ന് കൊണ്ട് പറഞ്ഞുകൊടുത്ത ഒരു വിവരണമുണ്ട്, കണ്ട്രാക്കിനെ പറ്റി :

Condraak, the one who promote himself to an extreme to satisfy himself as a kidilam and over perform in every konandrik situations to stamp himself as a kidilol kidilam. And will blame every thing, every one except  his own activities without any reasons and ulupp. Even he can prove, he is the creator of god too…. And bla blab la bla…………
ഇത്രെയൊക്കെ പറഞ്ഞെങ്കിലും കണ്ട്രാക്കിനെ പറ്റി ഒരു വ്യക്തമായ ധാരണ ആർക്കും  കിട്ടിയിട്ടുണ്ടാകില്ല എന്ന് കരുതുന്നു. ഇനി നേരെ കാര്യത്തിലേക്ക് വരാം. കണ്ട്രാക്കുകൾ പലവിധമുണ്ട് . ആർകും ഉപദ്രവവും , ഉപകാരവും ഇല്ലാത്തതു , ഉപദ്രവം മാത്രമുള്ളത് , ഉപദ്രവവും ഉപകാരവുമില്ലാത്തത്, ഉപകാരമുള്ളത്.
ജീവിതത്തിൽ ആദ്യം പരിചയപ്പെട്ട കണ്ട്രാക്ക് “ഉപകാരി ” വിഭാഗത്തിൽ പെടുന്ന കരുണൻ കണ്ട്രാക്ക് ആയിരുന്നു. തന്റെ  കർമമേഖല വീടുപണി ആയതിനാൽ കരുണൻ കോണ്ട്രാക്ടർ , കരുണൻ കണ്ട്രാക്ക് ആയി. പത്തു മേശരിക്കൊരു മൈക്കാട് എന്ന പേരിൽ തുടങ്ങി മൈക്കാടും സിമെന്റും , ചരലും ഇല്ലാതെ മിന്ട്ടു വെച്ച് വീട് പണിഞ്ഞു  തള്ളുന്ന കരുണ്‍ മേശരി അങ്ങനെ കരുണൻ കണ്ട്രാക്കായി.  പിന്നീടൊരിക്കൽ ഒരു റെയിൽവേ വരാന്തയിൽ തീവണ്ടി കാത്തു മുഷിഞ്ഞിരിക്കുമ്പോൾ ഒരു പരിചയവുമില്ലാത്ത ഒരു കണ്ട്രാക്ക് ആ വിശ്രമവേള ആനന്ദകരമാക്കുവാൻ എത്തി. ഇന്ന് വരെ കണ്ടിട്ട് കൂടിയില്ലാത്ത എന്നോട് പേര് പോലും ചോദിക്കാതെ അടുത്തുവന്നിരുന്നു തന്റെ വടക്കൻ വീരഗാഥകളുടെ കെട്ടഴിചുവിട്ടു എന്നെ അമ്പരിപ്പിച്ച ഒരു കണ്ട്രാക്ക്  – കണ്ട്രാക് സുനിൽ. നടുറോഡിൽ ജനലക്ഷങ്ങളെ സാക്ഷിയാക്കി സ്ഥലം ഇൻസ്പെക്ടറെ തല്ലിയ തള്ള് മുതൽ കാവ്യാമാധവൻ തന്നെ ഇങ്ങോട്ട് പ്രേമിച്ചു, മുത്തുഗൌ കൊടുത്ത കഥ വരെ ആ ചുരുങ്ങിയ സമയം കൊണ്ട് കേൾകെണ്ടിവന്നു.
പക്ഷെ ഇവരോന്നുമല്ല യഥാർത്ഥ കണ്ട്രാക്ക്. കണ്ട്രാക്ക് എന്ന് പറഞ്ഞാൽ അത് ഒരു ഒന്നൊന്നര കണ്ട്രാക്ക് ആണെന്ന് ബോധ്യപ്പെടുത്തി തന്ന ഒരാൾ , അല്ല ഒരു പ്രസ്ഥാനം. ഇവൻ നമുക്കിടയിൽ പലയിടങ്ങളിലും പല രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇത്തരക്കാരെ പറ്റി ചുരുക്കി പറഞ്ഞാൽ , “തന്റെ വീട്ടിലെ കോഴി മുട്ടയിടാറില്ലെന്നും, മുട്ട വേണമെന്ന് തോന്നുമ്പോൾ താൻ  കോഴിയുടെ പോലും സമ്മതമില്ലാതെ കോഴിയുടെ കോൾഡ്‌ സ്റ്റോറെജിൽ നിന്നും കൈ കൊണ്ട് മുട്ടയെടുക്കാറാണ് പതിവെന്നും പറയുക മാത്രമല്ല , ആ കോഴി ഒരു പൂവൻ കൊഴിയാണെന്ന് സ്ഥാപിക്കുകയും , താൻ പറഞ്ഞതിൽ സംശയം തോന്നി നെറ്റി ചുളിക്കുന്ന കേൾവിക്കാരൻ വെറും കോഴിയാണെന്നു പറഞ്ഞു നടക്കുകയും ചെയ്യുന്ന ഒരു ഒന്നൊന്നര പൂവൻ കോഴി! ”
ചുരുക്കി പറഞ്ഞിട്ട് തന്നെ ഇത്രെയും നീളം . ഹോ !

ഇത്തരം കണ്ട്രാക്കുകളെ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും , ഐ ടി കർമമേഖല ആയിട്ടുള്ള ഒരു കണ്ട്രാക്കിലൂടെ നമുക്ക് ഒന്ന് എത്തി നോക്കിയിട്ട് വേഗം തിരിച്ചു വരാം. ഐ ടി മേഖലയിൽ ഒരു കണ്ട്രാക്കുണ്ടാകുന്നത് , തന്റെ നെടുനീളൻ തള്ളുകൾ അഥവാ കണ്ട്രാക്കടികൾ (ബടായി എന്നോ മറ്റോ മലയാളത്തിൽ പറയാറുണ്ട് ) കൊണ്ടാണ്. ഒരു സാധാരണ ഡവലപ്പർ ആയി ജീവിതം തുടങ്ങുന്ന ഒരു കണ്ട്രാക്ക് , അവൻ ഒരു കണ്ട്രാക്കായി ജനിക്കുകയായിരുന്നില്ല , സോഫ്റ്റ്‌വെയർ സമൂഹം അവനെ ഒരു കണ്ട്രാക്കാക്കി മാറ്റുകയായിരുന്നു .

ഒരു ടീം ലീടാകണം , ടീം ലീടാകണം എന്ന ആഗ്രഹവുമായി അവൻ ചെന്നുപെട്ടത് കുറെ സിംഹങ്ങളുള്ള ഒരു മടയിൽ . അഞ്ചു ഡവലപ്പർമാരും , അവർകെല്ലാം ഈരണ്ടു പേർ ഷാഡോകളും (കാശു തരുന്ന സായിപ്പിനെ പറ്റിക്കുവാൻ റിസോർസ് മാനേജ്‌മന്റ്‌ എന്ന പേരിൽ നിർമിചെടുക്കുന്ന ഒരു ശിശു പദവിയാണ്‌ ഷാഡോ . ഇങ്ങനെയൊരാൾ ഉള്ളത് സായിപ്പിനും , അവനും അറിയില്ല . പ്രൊജക്റ്റ്‌ മാനേജർ അറിഞ്ഞാൽ ഭാഗ്യം ). ഷാഡോകളുടെ ഷാഡോ ആകാനായിരുന്നു ആ വലിയ ശരീരവും വയറു നിറച്ചു ബുദ്ധിയുമുള്ള നമ്മുടെ നായകന്റെ വിധി. ആ നിഴലിൽ നിന്നും വെളിച്ചത്തിലേക്ക് വരുവാൻ അവൻ തന്റെ തള്ളുകൾ അന്നാരംഭിച്ചു. ഒരു കണ്ട്രാക്കിന്റെ ജനനം !.
പ്രൊജക്റ്റ്‌ മാനേജരുടെ വെളിച്ചം വീഴുംബോളെല്ലാം മരണ കോടിങ്ങും , ടെക്നിക്കൽ പദങ്ങൾ ഒരാവശ്യവുമില്ലാതെ എടുത്തു വലിയ വായിൽ അമ്മനമാടുക അവൻ ഒരു പതിവാക്കി. ഇത്തരം കണ്ട്രാക്കുകൾ കേട്ട് ചെവിയുടെ ഫിലമെന്റ് പോയ മാനേജർ ആത്മരക്ഷാർത്ഥം അവനെ മറ്റൊരു മാനേജർക്ക് കൈമാറി . നീ ഇവിടെങ്ങും വരേണ്ട ആളല്ല , വല്ല ഗൂഗിളിലും പോകേണ്ട ആളാണെന്ന് കണ്ട്രാക്കിനോടും, ഇവൻ പുലിയാണെന്നും , താങ്കളുടെ ടീമിന് ഇവൻ ഒരു അസത്ത് (അസെറ്റ് ) ആകുമെന്ന് പുതിയ മാനേജരോടും പറഞ്ഞു പഴയ മനജേർ കൈ കഴുകി. ജൂനിയർ മന്ദ്രേക്ക് പ്രതിമ, രാജൻ പ  ദേവ് ജനാർധനനു കൈമാറിയപ്പോൾ കിട്ടിയ ആശ്വാസമായിരുന്നു ആ മുഖത്ത് !

അങ്ങനെ പുതിയ ടീമിൽ മാന്ദ്രേക്ക് പരിപാടികൾ തുടങ്ങി. താൻ മനസ്സിൽ ആഗ്രഹിച്ച പോലെ ഷാഡോ പദവിയിൽ നിന്നും ഡവലപ്പർ സ്ഥാനത്തേക്ക് കയറ്റം കിട്ടിയതിൽ അവൻ സന്തുഷ്ടനായിരുന്നു. അങ്ങനെ ഡവലപ്പർ ആയി തുടരുന്ന കാലത്ത് രണ്ടു കൃത്യമായ ഇടവേളകളിൽ കാബിനിലെ മറ്റു പാവങ്ങളോട് പുതിയ ടെക്നോളജിയെ പറ്റി ഉച്ചത്തിൽ സംസാരിക്കുക, വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ ചെല്ലുന്ന കല്യാണഉണ്ണികളെ പോലെ രണ്ടു  പേർ എന്തെങ്കിലും സംസാരിക്കുന്നിടത്ത് വലിഞ്ഞുകേറിചെന്ന് തന്റെ അഭിപ്രായം പറയുകയും , അതാണ് ശരി എന്ന് സ്ഥാപിക്കുകയും ചെയ്യുക ഒരു പതിവായി. ഇതൊക്കെ കേട്ട് അതിനു ഞാൻ നിന്നിടോന്നും ചോദിച്ചില്ലല്ലോ എന്ന മുഖഭാവവുമായി നില്കുന്ന നിരായുധരായ സോഫ്റ്റ്‌വയരന്മാരുടെ എണ്ണം ആ ക്യാബിനിൽ കൂടി വന്നു. ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ മുട്ടയിടാൻ മുട്ടി നടക്കുന്ന  കോഴികളെ പോലെ നമ്മുടെ കണ്ട്രാക്ക് മാനേജർ ക്യാബിനു മുന്പിലൂടെ നടക്കുക ഒരു പതിവാക്കി.
ഒരു കൊനാണ്ട്രിക് നിമിഷത്തിൽ മാനേജർ കാബിനിലെതിയ കണ്ട്രാക് മാനേജരോട് ഒരു ചോദ്യം
“എന്നെ ടീം ലീടാക്കാമോ ?”
ഒരു നിമിഷം താൻ ഏതു ലോകത്താണെന്ന് അറിയാൻ മാനേജർ ഒന്ന് നുള്ളി നോക്കി. എന്നിട്ടും ഇവനെന്താടാ പ്രാന്താണോ ? എന്ന ഭാവം ആ മാനേജർ മുഖത്ത് നിന്നും മാഞ്ഞില്ല. ഒടുവിൽ സ്ഥലകാല ബോധം വീണ്ടെടുത്ത്‌ , ഒരു പുഞ്ചിരിയുമായി മറുപടി കൊടുത്തു
“അടുത്ത പ്രൊജക്റ്റ്‌ വരട്ടെ. നമുക്ക് ആലോചിക്കാം” (ആത്മഗദ്ഗദം :നിന്നെ ഇവിടെ വേണോ വേണ്ടയോ എന്ന് ).
അലക്സാണ്ടർ ചക്രവർത്തി ഏതോ രാജ്യം പിടിച്ചടക്കിയ ഭാവത്തിലും, സന്തോഷത്തിലും അടുത്ത പ്രൊജക്റ്റ്‌ എപ്പോ വരും എന്ന് ആലോചിച്ചു കൊണ്ട് കണ്ട്രാക് തന്റെ സീറ്റിലെക്കു പോയി.
എന്നും രാവിലെ വന്നു കമ്പനി പ്രൊജക്റ്റ്‌ ശേഖരത്തിൽ പുതിയ പ്രൊജക്റ്റ്‌ വല്ലതും വന്നോ എന്നു നോക്കിയും, കോഡ് ചെയ്യാൻ അറിയാവുന്ന പെണ്‍ ഡവലപ്പർമാരുടെ കോഡിൽ അവരില്ലാത്ത സമയത്ത് കുഞ്ഞു തെറ്റുകൾ വരുത്തി , ഈ തെറ്റുകൾ (കണ്ട്രാക് എഫെക്റ്റ് ) മനസിലാകാതെ അന്തം വിട്ടിരിക്കുന്ന പാവം പെണ്‍കൊടിമാരുടെ രക്ഷകനായി അവതരിക്കുകയും ചെയ്തു അവൻ ദിവസങ്ങള് തള്ളി നീക്കി. ആ സുന്ദര നാളേക്ക് വേണ്ടി.

 

ഇത് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആക്കുവാനുള്ള ഐഡിയ ആദ്യമില്ലാതിരുന്നത് കൊണ്ടാണ് justpaste ൽ പബ്ലിഷ് ചെയ്തത്. ചിലരുടെ അഭിപ്രായം മാനിച്ചു ഞാൻ ഇത് വീണ്ടും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു : പൊടിമോൻ

ഈ കഥയും, ഇതിലെ കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല. അഥവാ അങ്ങനെ തോന്നിയാൽ അത് തികച്ചും യാദ്രിശ്ചികം മാത്രം. പൊടിമോൻ നിഷ്കളങ്കനാണ് !……